ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം.
'..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം...'
കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം!

ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്ച മുത്തുക്കുടയെക്കാൾ ആർഭാടമെന്നേ പറയേണ്ടൂ . ഒരു ദിവസത്തെ കഥക്കു പകരം ഒരു വർഷത്തെ കഥയ്ക്ക് എന്തു കൂടുതൽ പറയാനുണ്ടാകും? സത്യത്തിൽ ഒരു വർഷം സംഭവിച്ചവ, ഏതൊക്കെയോ ദിവസം സംഭവിച്ചത്തിന്റെ ആകെത്തുക തന്നെയാണല്ലോ. ആ നിലയ്ക്ക് വർഷത്തിൽ ഒരിയ്ക്കൽ എഴുതുന്നതല്ലേ അഭികാമ്യം?! കൂടുതൽ പക്വതയോടെ ഒരു പക്ഷെ കാര്യങ്ങൾ അതിൽ എഴുതുമായിരിക്കും - അന്തപ്പന്റെ ഫിലോസഫി, പ്രായത്തിന്റെ വീര്യം തോന്നിപ്പിച്ചു.

കഴിഞ്ഞ കൊല്ലത്തെ ന്യൂസ്‌ മേക്കർ, അന്തപ്പന്റെ അഭിപ്രായത്തിൽ ചൈനീസ് നിർമ്മിത കൊറോണ വൈറസ് തന്നെ ആയിരുന്നു. അതിനു മുൻപുള്ള കൊല്ലവും ഇതേ പദവി നൽകി ലോക രാഷ്ട്രങ്ങൾ ടിയാനെ ആദരിച്ചിരുന്നു. ഭൂമിമലയാളത്തിൽ കൊറോണയും നിപ്പയും ചെറിയ ഏറ്റുമുട്ടലുകൾ നടത്തിയെങ്കിലും അന്താരാഷ്ട്ര ബന്ധങ്ങളുള്ള കൊറോണ തന്നെ ഒടുവിൽ പദവി നിലനിർത്തി. പാട്ട കൊട്ടിയും മുദ്രാവാക്യം വിളിച്ചും കൊറോണയോടു 'ക്വിറ്റ് ഇന്ത്യ ' പറഞ്ഞെങ്കിലും ചൈനക്കാരന് കാര്യം പിടികിട്ടിയില്ല.  ഈ നാടൊന്നു കടന്നു ബംഗാൾ ഉൾകടലിൽ എത്തിയാൽ മതിയെന്നു ജീവനും കൊണ്ട് പായുന്ന, സാക്ഷാൽ ഗംഗാജലം കൊണ്ട് പോലും പരീക്ഷിച്ചു മടുത്ത ഉന്നതതല സമിതി,  ഒടുക്കം  വാക്സിൻ കണ്ടുപിടുത്തിന് ശിപാർശ നൽകി. ക്ഷമയില്ലാതെ ഇതിനിടയിലും 'ഗോബർ വെപ്പൺസ് ' കൊണ്ട് കൊറോണയെ നേരിടാൻ പോയ പല നേതാക്കളും അണികളും ക്വാറന്റീനിൽ ഇരുന്നു പനിച്ചു.

ലോകമാസകലം തൊഴിൽ മേഖല സ്തംഭിച്ചു, ഓഹരിയും വളർച്ചാനിരക്കും ന്യൂട്ടൻ ചേട്ടന്റെ  ഗ്രാവിറ്റി പിടിച്ചു. മിക്ക സ്ഥാപനങ്ങളും സാമ്പത്തിക മാന്ദ്യം നേരിട്ടു ; ചിലതെല്ലാം അടച്ചു പൂട്ടി.  വിദേശസന്ദർശനത്തിന് പറന്നിരുന്ന പലരും വീട്ടിലിരുന്നു പക്ഷികൾക്ക് തീറ്റ കൊടുത്തു. അത്‌ ഫോട്ടൊയെടുത്തു സോഷ്യൽ മീഡിയയിലിട്ടു. പ്രധാനമന്ത്രി മുതൽ പ്ലസ് ടു ക്കാരൻ വരെ വീട്ടിലിരുന്നു മുടിയും താടിയും വളർത്തി മുഖഛായ മാറ്റി.  മലയാളിയ്ക്ക് സ്വന്തം അവസ്ഥ വിവരിക്കാൻ പക്ഷെ തമിഴന്റെ നിഘണ്ടു തുറക്കേണ്ടി വന്നു.  സകല മാടും മനുഷ്യനും നോഹയുടെ പെട്ടകത്തിൽ പെട്ട അവസ്ഥയിൽ വീട്ടിലിരുന്നു. അന്തപ്പന്റെ പുത്രൻ മുഴുവൻ ദിവസവും അപ്പനെയും അമ്മയെയും കണ്ടു. ഓട്ടോറിക്ഷ മുതൽ എയ്റോ പ്ളേൻ വരെ കട്ടപ്പുറത്തിരുന്ന കാലത്ത് ഓസോൺ കുട കണ്ടം വച്ചു ചോർച്ച നിയന്ത്രിച്ചു. ആദ്യമൊന്നു പകച്ചു നിന്നെങ്കിലും പെട്രോൾ-പാചകവാതക വില മുന്നോട്ടു തന്നെ കുതിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചെളിവാരിയെറിയലിൽ സാധാരണക്കാരൻ വാല്മീകിരൂപം പൂണ്ടു. ഏകീകൃത കോളർ ട്യൂണുകൾ നിലവിൽ വന്നു - ജനം കൊറോണയുടെ ചുമ കേട്ടു മടുത്തു. കയ്യിൽ കാശില്ലാതെ കണ്ണ് തള്ളിയ മലയാളിയെ സംസ്ഥാന സർക്കാർ 'കിറ്റിലാക്കി' കയ്യടി നേടി- കൂട്ടത്തിൽ ഒരു അഞ്ചു കൊല്ലവും. പ്രതിപക്ഷത്തിന് കുടുംബകലഹം തീർന്നിട്ട്   നേരമില്ലായിരുന്നു; മൂന്നാം മുന്നണി പച്ച തൊട്ടില്ല.

ഹർത്താലുകൾ ഏറ്റെടുത്തു വിജയിപ്പിച്ചിരുന്ന ജനം ലോക്ക് ഡൌൺ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും ".. ബന്ധനം ബന്ധനം തന്നെ പാരിൽ.." എന്ന വള്ളത്തോൾ  വരികളിലെ അർത്ഥം അന്തപ്പൻ പതിയെ ഗ്രഹിച്ചു തുടങ്ങി. ആബാലവൃദ്ധം ജനങ്ങളും ഫോണിൽ 'തോണ്ടിക്കൂട്ടിയ' ദിനങ്ങളാണ്  പിന്നീടങ്ങോട്ട് കണ്ടത്. പത്രവും പലചരക്കും പ്രാർത്ഥന പോലും ഓൺലൈൻ കയറി വീട്ടിലെത്തി. ഇന്റർനെറ്റ്‌ വിപ്ലവത്തിന്റെ ഉപജ്ഞാതാവ് അംബാനിയ്ക്ക് ജനം മനസ്സാ 'ജിയോ' പറഞ്ഞു. യൂട്യൂബ് സർവ്വകലാശാലയിൽ നിന്നും ബിരുദമെടുത്ത മിനിമം ഒരു ഷെഫ് എങ്കിലും ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരുന്നു. കുറെ ആധുനിക കൃഷിക്കാർ ഹരിതവിപ്ലവം നടത്തി. പല ബാർബറിയന്മാരും ബാർബർമാരായി പരിണമിച്ചു കൂട്ടത്തിൽ അന്തപ്പനും. അളിയനും അപ്പനും അമ്മായിയപ്പനും വരെ അന്തപ്പന്റെ മുന്നിൽ തലകുനിച്ചിരുന്നു. കാപ്പിയിടാനറിയാത്തവൻ ഡാൽഗോന കോഫി കുടിച്ചു പോസ്റ്റിട്ടു. വീട്ടിൽ എൽസമ്മ കേക്കുണ്ടാക്കി ചന്നം പിന്നം മുറിച്ചു. പ്ലാവ്, പുതിയ കല്പവൃക്ഷം എന്ന് അനൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ വേരിലും കായ്ച്ചു തുടങ്ങി. കവലയിൽ ചീട്ട് കളിച്ചിരുന്നവർ ഓൺലൈൻ റമ്മിയും ലുഡോയും കളിച്ചു.

അകത്തിരുന്നു മുഷിഞ്ഞു പുറത്തിറങ്ങിയവനെ പോലീസും ഡ്രോണും ഓടിച്ചിട്ട്‌ പിടിച്ചു. സത്യവാങ് എഴുതുവാൻ അന്തപ്പൻ നല്ല മലയാളം പൊടിതട്ടിയെടുത്തു. വൈനും വാറ്റും ഒരുപോലെ 'ഹോം മെയ്ഡ് ' ലിസ്റ്റിൽ പെട്ടു. വിദ്യാഭ്യാസം കുത്തഴിഞ്ഞ പുസ്തകം കണക്കു കാണപ്പെട്ടു. നീണ്ട അവുധിക്കു ശേഷം ടിവിയിലും മൊബൈൽ ഫോണിലും പ്രത്യക്ഷപ്പെട്ട ടീച്ചർമാർക്ക് മുന്നിൽ കുട്ടികളെ യൂണിഫോമിൽ കൊണ്ടിരുത്തി. അടുക്കള സജീവമായതിനാൽ കൊറിച്ചു കൊണ്ട് ടിവി കണ്ട പല കുട്ടികളും പഠന'ഭാരം' കൊണ്ട് വീർപ്പുമുട്ടി. 'സൈലൻസ് ' പറഞ്ഞിരുന്ന അധ്യാപകർ മറുപടിയില്ലാത്ത ഓൺലൈൻ ക്ലാസ്സിൽ വയലന്റ് ആയി മാറി. പല വിരുതന്മാരും ക്ലാസ്സിൽ കുമ്പിടി കളിച്ചു. അറ്റന്റൻസ് സമയത്തു ഒഴികെ പലരുടെയും നെറ്റ്‌വർക്ക് തകരാറു കാണിച്ചു. മുഖങ്ങൾക്ക് പകരം തമ്പ് നൈലുകൾ കണ്ട് അന്തപ്പൻ ക്‌ളാസ്സിലെ കുട്ടികളെ തിരിച്ചറിഞ്ഞു. ഉത്തരക്കടലാസുകളും അസ്സയിന്മെന്റുകളും ഒരമ്മ പെറ്റ ഇരട്ടമക്കളെപ്പോലെ തോന്നിച്ചു.  സ്കൂളിൽ 99 ശതമാനത്തിന് മുകളിൽ സ്റ്റേറ്റ് സിലബസ്സിൽ വിജയശതമാനം നൽകി സർക്കാർ  യുവപ്രതിഭകളെ ആദരിച്ചു. സാങ്കേതിക സർവ്വകലാശാല ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും മാറി മാറി കുട്ടികളെ പരീക്ഷിച്ചു.  'കൊറോണടെ സമയത്തു ജയിച്ചില്ലേൽ..' എന്നൊരു ചൊല്ലുകൂടി മലയാളത്തിൽ രൂപപ്പെട്ടു.

അന്തപ്പൻ ഒരു കൊല്ലം കൂടി ജീവിച്ചു. കുറെ ചിരിച്ചു, കരഞ്ഞു, പഠിച്ചു, പഠിപ്പിച്ചു, പാട്ടു കേട്ടു; പാടി, ഉണ്ടു, ഉറങ്ങി. കുറച്ചു ഇരുത്തം  വന്നു - ബാക്കി മറ്റുള്ളവർ ഇരുത്തി. ഓരോ ദിവസവും ബോണസ് ആണെന്ന ചിന്ത ശക്തിപ്പെട്ടു. ആരുടെയും എപ്പോൾ വേണമെങ്കിലും വിസയുടെ കാലവുധി തീരാമെന്നും ഭിത്തിയിൽ ഇരിക്കുന്നതിനു മുൻപേ എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ വച്ചു താമസിപ്പിക്കണ്ട എന്നും ജ്ഞനോദയം സിദ്ധിച്ചു. (നീട്ടി വളർത്തിയ മുടി ഇന്നലെ മുറിച്ചു.) ഒരു കഥക്കു ഒന്നിൽ കൂടുതൽ വശങ്ങളുണ്ടെന്നും, ഒരോരുത്തരുടെയും അറിവും സാഹചര്യങ്ങളുമനുസരിച്ചു അതിനു വ്യത്യസ്ത ആഖ്യാനങ്ങളുണ്ടെന്നും മനസ്സിലാക്കി. ചിലരും ചിലതും നമ്മുടെ ശ്രദ്ധ അർഹിക്കുന്നില്ലെന്നും, മറിച്ചു ചിന്തിക്കുന്നത് നമ്മുടെ മാത്രം മാനസികാസ്വാസ്ഥ്യത്തിനു കാരണമാകുമെന്നും തിരിച്ചറിവ് വന്നു.

അന്തപ്പൻ എഴുത്ത് പതിയെ അവസാനിപ്പിച്ചു. ഉണ്ടായതിനും ഉണ്ടാവാതിരുന്നതിനും ഉടയോനോട് നന്ദി പറഞ്ഞു. പുതിയ വേർഷൻ അപ്ഡേറ്റിൽ മെച്ചപ്പെട്ട മകൻ, കെട്ടിയോൻ, അപ്പൻ,തുടങ്ങി സർവ്വോപരി തലയ്ക്കു വെളിവുള്ള  ഒരു മനുഷ്യൻ എന്നീ മാറ്റങ്ങൾ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് കിടക്കാൻ പോകുന്നു.

ശുഭരാത്രി.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍