ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓം ശാന്തി ഓശാന!

ഈ കഥ എഴുതുന്നത്‌ അന്തപ്പന്‍ അല്ല, എല്‍സമ്മയാണ്.  വ്യവസ്ഥാനുസൃതമായ ഉല്‍ഖനനത്തിനൊടുവില്‍ കണ്ടെത്തിയ അന്തപ്പന്റെ തന്നെ വാരിയെല്ലാകുന്നു ഭവതി!

എല്‍സമ്മയുടെ വീട്ടില്‍ weekend special കലാപരിപാടി തുടങ്ങിയിട്ടു  കുറച്ചുകാലമായി. ഇതൊക്കെ ആരാണോ കണ്ടുപിടിച്ചതെന്നു ആലോചിച്ചു ചിന്തവിഷ്ടയായി എല്‍സമ്മ  വീടിനു പുറകിലെ  'ഒരു ജാതി' മരത്തിന്‍റെ ചുവട്ടിലിരുന്നു നെടുവീര്‍പ്പെട്ടു! ആരെയെങ്കിലും നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ ഈ കലാപരിപാടികള്‍ പാടെ ഒഴിവാക്കാമായിരുന്നു എന്ന് സങ്കടപ്പെട്ടിരുന്ന സമയം.

മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു fbയെക്കാള്‍ ആക്ടീവ് ആയി ഹാഫ് സൈസ്, ഫുള്‍ സൈസ് ക്ലോസപ്പ് ഫോട്ടോസ് അപ് ലോഡ് ചെയ്തു എല്‍സമ്മയും കൂട്ടരും തിരച്ചില്‍ തുടങ്ങിയിരുന്നു. എല്‍സമ്മയെ എങ്ങനെയെങ്കിലും നാടുകടത്തണം എന്ന ദൃഢനിശ്ചയത്തോടെ വീട്ടുകാരും നാട്ടുകാരും ഒരുപിടി മുന്നേ, ചെറുക്കനെ അന്വേഷിക്കാന്‍ തുടങ്ങിയതാണ്. കുറച്ചു നാളുകള്‍ക്കുള്ളില്‍ ഈ ചായകൊടുക്കല്‍ ചടങ്ങ് എല്‍സമ്മയ്ക്ക് മടുത്തു. തുടര്‍ന്ന് ചായ പരിപാടി അമ്മയെ ഏല്‍പ്പിച്ചു. ചെക്കന്റെയും കൂട്ടരുടെയും മുന്നില്‍ നിന്ന് കൊടുക്കുക, നന്നായി ചിരിച്ചു കാണിക്കുക, പിന്നെ ചോദ്യോത്തര വേളയില്‍ നന്നായി പെര്‍ഫോം ചെയ്യുക- ഇത്രയുമായിരുന്നു എല്‍സമ്മയുടെ തുടര്ന്നുള്ള  ദൗത്യം!

ഓണ്‍ലൈന്‍ തിരച്ചില്‍ മടുത്തിരിക്കുന്ന ആയിടയ്ക്കാണ് മാട്രിമോണിയില്‍ അന്തപ്പന്‍റെ റിക്വസ്റ്റ്‌ വരുന്നത്‌! കളര്‍ പടം തരക്കേടില്ല; പോരാത്തതിനു ജോലി ചെയ്യുന്നതും അടുത്താണ്- എന്നാല്‍പ്പിന്നെ പരിഗണിച്ചേക്കാം. രണ്ട് ആഴ്ചയ്ക്ക് ശേഷം മുന്‍‌കൂര്‍ നോട്ടിസ് നല്‍കാതെ എല്‍സമ്മയുടെ അപ്പന്‍ പറഞ്ഞു:
"നാളെ നാവിലെ ആ ഇരിങ്ങാലക്കുട പാര്‍ട്ടി വരുന്നുണ്ട്"
എല്‍സമ്മ വാ പൊളിച്ചു ചിന്തിച്ചു: " ഏതു പാര്‍ട്ടി?!!"
അപ്പോഴാണ്   പാതി ഉറക്കത്തില്‍   അന്തപ്പന്റെ റിക്വസ്റ്റ്‌  മാട്രിമോണിയില്‍ ആക്സെപ്റ്റ് ചെയ്ത  കാര്യം എല്‍സമ്മയ്ക്ക് ഓര്‍മ്മ വന്നത്. വീട്ടുകാര്‍ പരസ്പരം ഫോണിലൂടെ സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. പിന്നെ ഇതൊന്നും തനിയ്ക്ക് പുത്തരിയല്ലാതിരുന്നതിനാല്‍  'ആഹ്.. വന്നോട്ടെ' എന്ന അര്‍ത്ഥത്തില്‍ എല്‍സമ്മ തലയാട്ടി.

രംഗം 2:  ഞായറാഴ്ച ഉച്ച കഴിഞ്ഞു എല്‍സമ്മയും വീട്ടുകാരും അന്തപ്പനെ സ്വീകരിക്കാന്‍ ഒരുങ്ങി ഇരിക്കുകയാണ്. ഉച്ചയുറക്കം ശരിയാവാത്തതില്‍ പ്രതിഷേധിച്ചു എല്‍സമ്മ പുറത്തു നോക്കിയിരുന്നു. അന്തപ്പന്റെ വീട്ടുകാര്‍ വിളിച്ചു. തുടര്‍ന്ന് ആങ്ങള വഴി കാണിക്കാന്‍ പൈലറ്റ്‌ വാഹനവുമായി പോയി.

അന്തപ്പന്റെയും കൂട്ടരെയും കൊണ്ട് ഒരു കാര്‍ വീട്ടു മുറ്റത്തേയ്ക്ക് കയറി. കാര്‍ ഏതാണെന്ന് എത്തി നോക്കിയെങ്കിലും കാണാന്‍ പറ്റിയില്ല.
"മെക്കാനിക്കല്‍ എഞ്ചിനീയര്‍ അല്ലേ, വണ്ടിയില്‍ എന്തോ ചെയ്തിട്ടുണ്ട്- എന്‍ജിനു ഒരു പ്രത്യേക ശബ്ദം!"  - ഇളയ ആങ്ങളയുടെ കമന്റ്‌. (അതിനു പിന്നിലെ രഹസ്യം ' പെണ്ണുകാണല്‍ ' എന്ന പോസ്റ്റില്‍ കാണാം) അപ്പോഴേക്കും  മുറിയി പോയി ഇരുന്നുകൊള്ളാന്‍ അമ്മ വന്നു പറഞ്ഞു. നാടകം തുടങ്ങാനുള്ള സമയമായി. തേര്‍ഡ് ബെല്ലിനു കാതോര്‍ത്തു എല്‍സമ്മ മുറിയിലിരുന്നു. വാതില്‍ പകുതിയേ ചാരിയിട്ടുള്ളൂ.

പെണ്ണുകാണല്‍ സംഘത്തിന്റെ രംഗപ്രവേശം. മൂന്നു പേരെയുള്ളൂ. വാതിലിന്‍ വിടവില്‍ക്കൂടി അത്രയേ കാണാന്‍ കഴിഞ്ഞുള്ളൂ എല്‍സമ്മയ്ക്ക്!
"ഇതാണ് അന്തപ്പന്‍!" ആരോ പറയുന്ന ശബ്ദം കേട്ടു.  അപ്പോള്‍ അപ്പന്‍ ചോദിച്ചു:
" അന്തപ്പന്റെ അപ്പനാണല്ലേ?, അമ്മ വന്നില്ലേ?"
ചേട്ടന്റെ മുഖം വാടി: " ഞാന്‍ അളിയനാണ്"
പാവം- അളിയനും ചേച്ചിയുമായിരുന്നു കൂടെ! സാധാരണ, അപ്പനും അമ്മയുമാനല്ലോ വരിക. അപ്പന്‍ അവരുടെ മുഖത്തു പോലും നോക്കാതെയാണന്നു തോന്നുന്നു ചോദിച്ചത്. അവര്‍ തമ്മില്‍ സംഭാഷണം ആരംഭിച്ചു. മുറിയിലിരുന്നു തനിക്കു എല്ലാം കേള്‍ക്കാവുന്നത് കൊണ്ട്, ഇനി പ്രത്യേകിച്ചൊന്നും ചോദിക്കാനുണ്ടാവില്ല! കുറച്ചു സമയത്തിനു ശേഷം രംഗം നിശബ്ദമായി. അനുഭവപരിചയം  കൊണ്ട് എല്‍സമ്മയ്ക്ക് മനസ്സിലായി. അടുത്തത്‌ തന്റെ എന്‍ട്രി ആണെന്ന്. മുറിയിലിരുന്ന മാതാവിന്റെ പടം നോക്കി, ' മാതാവേ മിന്നിച്ചേക്കണേ' എന്ന്  പ്രാര്‍ത്ഥിച്ചു വാതില്‍ മെല്ലെ തുറന്നു.
മൂവര്‍ സ്ന്ഘത്തിന്റെ മുന്നില്‍ ചെന്ന് ആദ്യം തന്നെ എല്ലാവരെയും നോക്കി ഒരു ചിരി പാസ്സാക്കി. ഇനി കുട്ടി ചിരിച്ചില്ലെന്ന് പറയരുതല്ലോ! (നേരത്തെ പറഞ്ഞ അനുഭവ പരിചയം!) ചേട്ടനും ചേച്ചിയും മാറി മാറി ചോദ്യങ്ങള്‍ ചോദിച്ചു. എല്‍സമ്മ മണി മണിയായി ഉത്തരം പറഞ്ഞു. അടുത്തത്‌ അന്തപ്പന്റെ ടേണ്‍!  എല്സമ്മയുടെ കോളേജില്‍ അന്തപ്പന്‍ കുറച്ചു നാള്‍ അധ്യാപകനായിരുന്നു. എന്നാല്‍ അന്തപ്പന്‍ എല്‍സമ്മയെയും എല്‍സമ്മ, അന്തപ്പനെയും കണ്ടിട്ടില്ല.(സത്യം!) അന്തപ്പന്റെ ആദ്യ ചോദ്യം അതായിരുന്നു:
"എന്നെ മുന്‍പ് കണ്ടിട്ടുണ്ടോ?"
'ഇല്ല എന്നര്‍ത്ഥത്തില്‍ എല്‍സമ്മ കണ്ണടച്ച് കാണിച്ചു.

നിന്ന് വിഷമിക്കണ്ട എന്ന് കരുതി, അളിയന്‍ ഇരുന്നുകൊള്ളന്‍ പറഞ്ഞു. അന്തപ്പന്‍ കാര്യമായൊന്നും ചോദിക്കുന്നില്ല. എല്സമ്മയുടെ സീറ്റ്, അന്തപ്പനെ അടിമുടി നിരീക്ഷിക്കാന്‍ പാകത്തിലായിരുന്നത് കൊണ്ടും, പെണ്ണ് കാണല്‍ ചടങ്ങില്‍ എക്സ്പീരിയന്സ് ഉള്ളതുകൊണ്ടും, എല്‍സമ്മ ഇടയ്ക്കിടെ അന്തപ്പനെ നോക്കി. അന്തപ്പനാകട്ടെ, ഒരു മൈന്‍ഡും ഇല്ലാതെ, ജനല്‍ വഴി പുറത്തു നോക്കിയിരിക്കുന്നു. ഇതിനിടയ്ക്കാന് എല്സംമയുടെയും ചേച്ചിയുടെയും കണ്ണുകള്‍ ഉടക്കിയത്. ചേച്ചി അന്തപ്പനെ നോക്കി. അന്തപ്പന്‍ ഈ ലോകത്തിലേയില്ല! ചേച്ചി തിരിഞ്ഞു, എല്‍സമ്മയെ നോക്കി 'രക്ഷയില്ല മോളേ' എന്ന ഭാവത്തില്‍ ഒന്ന് പുഞ്ചിരിച്ചു. എല്‍സമ്മയും പാസ്സാക്കി ചമ്മിയ ഒരെണ്ണം!
"ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കനുണ്ടോ?"
അപ്പന്‍ ചോദിച്ചു.
അന്തപ്പന്‍ പറഞ്ഞു: "പ്രത്യകികച്ച് ഒന്നുമില്ല"
"തനിയ്ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?" - അന്തപ്പന്‍ എല്‍സമ്മയെ നോക്കി.
എല്‍സമ്മ ഒന്ന് ഞെട്ടി-  എന്താ ശബ്ദ ഗാംഭീര്യം! ഓട്ടോറിക്ഷയ്ക്ക് ടിപ്പര്‍ ലോറിയുടെ ഹോണ്‍ വച്ച പോലെ! പണ്ട് കോളേജില്‍ സാറന്മാര്‍ ചോദ്യം ചോദിയ്ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു നോക്കുന്ന രംഗമാണ് എല്‍സമ്മയ്ക്ക് ഓര്‍മ്മ വന്നത്.
ഇടറിയ ശബ്ദത്തില്‍ എല്‍സമ്മ പറഞ്ഞു:" ഇല്ല"


'എങ്കില്‍ ഞങ്ങള്‍ അറിയിക്കാം' എന്നാ അറിയിപ്പോടെ അന്തപ്പനും കൂട്ടരും യാത്രയായി. എല്സംമയ്ക്കൊരു ശങ്ക- ഇതാണോ ജീവിതകാലം മുഴുവന്‍ തന്നെ സഹിക്കാന്‍ പോണ, ദൈവം നേരത്തെ പുള്ളിക്കാരന്റെ പുസ്തകത്തില്‍ പേരെഴുതി വച്ച , ആ ചെറുക്കന്‍?! ആവോ?! അല്ല, അന്തപ്പന്‍ എന്താണോ മനസ്സില്‍ കരുതിയിരിക്കുന്നത്? എല്‍സമ്മയുടെ കണക്കു കൂട്ടലില്‍ എന്തായാലും അന്തപ്പന്‍ ഒരുവട്ടമേ തന്നെ നോക്കിയിട്ടുള്ളൂ. പിന്നെ ഷോ കേസിലെ സാധനങ്ങളും പുറത്തെ പ്രകൃതി മനോഹാരിതയും നോക്കിയിരിക്കുകയായിരുന്നു.

അപ്പന്‍ ചോദിച്ചു: " മോളേ, ചെറുക്കനെ ഇഷ്ടപ്പെട്ടോ?"
'ചെറുക്കന് തന്നെ ഇഷ്ടപ്പെട്ടോ എന്നറിയട്ടെ ' ഇതായിരുന്നു എല്‍സമ്മയുടെ നിലപാട്.

രണ്ടു മൂന്നു ദിവസത്തിനകം അന്തപ്പന്റെ വീട്ടുകാരുടെ മറുപടി വന്നു- പെണ്ണിനെ ബോധിച്ചിരിക്കുന്നു. എല്‍സമ്മയ്ക്കും ഇഷ്ടപ്പെട്ടു. പക്ഷെ ഉയരത്തിന്റെ കാര്യത്തില്‍ ഒരു സംശയം. സംശയനിവാരണത്തിനായി, അന്തപ്പനെ മാതാപിതാക്കളോടൊപ്പം ഒരുവട്ടം കൂടി വരുത്തിച്ചു. അന്നൊരു ഓശാന ഞായറാഴ്ച ആയിരുന്നു. പഴയ നാടകം വീണ്ടും തട്ടേല്‍ കയറി. രണ്ടുപേരുടെയും തലപ്പൊക്കം അളന്നു ബോധ്യപ്പെട്ടു. അന്തപ്പന്റെ അപ്പനും അമ്മയ്ക്കും കുട്ടിയെ ബോധിച്ചു. ഇരു കൂട്ടരും പച്ചക്കൊടി വീശി. അങ്ങനെ ഇരുവട്ടം പെണ്ണ് കണ്ടുറപ്പിച്ചു, അന്ന് ആ ഓശാന ഞായറില്‍ ഇരുവരുടെയും കാര്യത്തില്‍ ഒരു തീരുമാനമായി. വർഷങ്ങൾക്കു ശേഷവും ആ ഓശാന ഞായറിന്  കൊഴുക്കട്ടയുടെ മധുരം !

ഓം ശാന്തി ഓശാന!



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍