ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊൽക്കത്ത ഡയറി

അധ്യായം 3 


"യെ നയാ ആദ്മി "

രാജകീയ എൻട്രിക്കു പിന്നാലെ  തോമസിന്റെ അനൗൺസ്മെൻറ്  വന്നു.

"അച്ഛാ..."

ഗേറ്റ് അടച്ചുകൊണ്ടു ഭടൻ  പറഞ്ഞു. ഗേറ്റിലെ മുഴുവൻ  സമയ കാവൽക്കാരൻ.  പേര് ഇന്ദ്ര ബഹദൂർ . ഇവിടത്തെ പേരൊക്കെ ഇജ്ജാതിയാണ്.  കേട്ടാൽ തോന്നും ഗഡി ഏതോ കൊട്ടാരത്തിലെയാണെന്ന്! എന്നാൽ അല്ല! ഗേറ്റിനോട് ചേർന്നുള്ള ഒറ്റമുറിയിലാണ് താമസം. അത്യാവശ്യങ്ങൾക്കു  മാത്രം  തൻ്റെ പഴയ സൈക്കിളെടുത്തു പുറത്തു സവാരി പോകും. ശകടം കമ്പനി വാഹനമാണ്. ആവശ്യം വന്നാൽ നമുക്കും ഉപയോഗിക്കാം.

ഇടതുവശത്തുള്ള ബദാം മരത്തിനപ്പുറത്തെ കമ്പനി ട്രാൻസ്ഫോർമറിന്റെ  അരികു പിടിച്ചു ഒരു പയ്യൻ കടന്നുവന്നു- മുർമുർ!  ജാർഖണ്ഡ് ആണ്  സ്വദേശം. ഒരു  പതിനാറു വയസ്സിൽ  കൂടില്ല;പക്ഷെ  ചോദിച്ചാൽ  അന്നും ഇന്നും പതിനെട്ടെന്നേ  പറയൂ. ഇല്ലെങ്കിൽ ബാലവേല നിയമപ്രകാരം ചെക്കന്റെ  ജോലി തെറിക്കും. ഇട്രാൻസ്ഫോർമേറിനടുത്തുള്ള മുറിയിൽ ആണ് താമസം. വയസ്സൻ ബഹദൂർ പുറത്തുപോയാൽ കമ്പനിയുടെ സെക്യൂരിറ്റി ഇൻ കമാൻഡ്, കിച്ചണിലേക്ക് അവശ്യ വസ്തുക്കൾ വാങ്ങുന്ന പർച്ചെസിങ്ങ് മാനേജർ, അഗ്രികഴ്ച്ചറൽ ഓഫീസർ, അസിസ്റ്റന്റ് ഷെഫ്, തുടങ്ങി,  മുർമുർ  ഉരുളക്കിഴങ്ങു പോലെ സർവ്വവ്യാപിയായി കാണപ്പെട്ടു.

"ഹേ മുർമു...."
തോമസ് നീട്ടി വിളിച്ചു.

"ഹാ ഭയ്യാ.."
മുർമുർ വിനയാന്വിതനായി പറഞ്ഞു.

'ആജ്കൽ യെ തോമസ് ഭായ്  ക്യാ മുസീബത് ലെക്കേ ആ രഹാ ഹൈ '
എന്ന് തലയിൽ മിന്നിയ ഇരുന്നൂറ് വാട്ട് ബൾബ് പതിയെ ഓഫാക്കി ആശാൻ  അന്തപ്പനെ ഗുരുഗുർ കെ ദേഖി. അന്തപ്പൻ തിരിച്ചും ദേഖി. 

വലതുവശത്തു ഷീറ്റു മേഞ്ഞ രണ്ടു നിലകളുള്ള കെട്ടിടം ചൂണ്ടിക്കാണിച്ചു തോമസ് പറഞ്ഞു:

"ഇദ്ദാണ് കമ്പനി."

'അത്ര വൽതൊന്നല്ല' 
അന്തപ്പന്റെ ആത്മഗതം ഫുൾസ്റ്റോപ്പെത്തുന്നതിന്  മുൻപേ തോമസ് ഓവർടേക്ക് ചെയ്തു :

"മെയിൻ ഓഫീസ് കൽക്കട്ടേല .."

ഇടതുവശത്തുള്ള മൂന്നുനില കോൺക്രീറ്റ് കെട്ടിടത്തിൻറെ  താഴത്തെ നിലയിൽ എന്തൊക്കെയോ മെഷീനുകളും അവിടെ പണിയെടുക്കുന്നവരെയും കാണാം . പുറത്തു വെളുത്തു ഉയരമുള്ള, ഓഫിസർ റാങ്കിലുള്ള ഒരു കാരണവർ, സിഗരറ്റ് ഊതിക്കത്തിച്ചു താഴെ എന്തോ തിരയുന്ന പോലെ തോന്നി.

"ഇദ്  CNC സെക്ഷൻ" 
തൊമസിൻ്റെ കമെൻ്റ്രി. പുറത്തു നിന്ന കാരണവർക്ക്  തോമസ് അന്തപ്പനെ പരിചയപ്പെടുത്തി. 

"ഇദ്  സമാജ്‌ദാർ ബാബു. CNC ടെ  ഹെഡ് ആണ് മൂപ്പര് . ക്വൊട്ടേഴ്സിൽ  തന്ന്യാ  താമസം."

സിഗരറ്റു കുറ്റിയെ അർദ്ധപ്രാണനാക്കി തിരച്ചിൽ അവസാനിപ്പിച്ചു  ടിയാൻ അന്തപ്പനെ നോക്കി ചിരിച്ചു.

അന്തപ്പനും തോമസും മേൽപ്പറഞ്ഞ കെട്ടിടത്തിന്റെ അടുത്ത എൻട്രിയിലൂടെ  അകത്തുകയറി. വൺ പിച്ച് ക്രിക്കറ്റ് കളിക്കാൻ മാത്രം നീളമുള്ള ഒരു മുറി. വാടകയ്ക്ക് കൊടുക്കാൻ വച്ചിരിക്കുന്നത് പോലെ സൈക്കിളുകൾ നിറഞ്ഞു   ഇരിക്കുന്നു. ജോലിക്കാർ  മിക്കവരും സൈക്കിളിൽ വരുന്നവരാണ്. വളരെ കുറച്ചുപേർ ബസ്സിനും. മുറി അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഡ്രസിങ് ആൻഡ് ഡൈനിങ്ങ് ആണ്. 

തൊട്ടടുത്തുള്ള ചെറിയ മുറിയിൽ നിന്ന് ബംഗാളി റേഡിയോയിൽ 'നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ'   അലമുറയിടുന്നുണ്ട്. പാട്ടു കേട്ട് കൊണ്ട് സവാളയെ വെട്ടിമുറിച്ചുകൊണ്ടിരുന്ന  കശ്മലനെ തോമസ് അതിൽ നിന്നും താത്കാലികമായി പിന്തിരിപ്പിച്ചു. കലിപ്പ് തീരാത്തതിനാൽ ആയുധം താഴെ വയ്ക്കാതെ മിസ്റ്റർ ബട്ലർ  തിരിഞ്ഞു നിന്നു.

"ഭയ്യാ  യെഹ്  ഹമാരാ നയാ ആദ്മി ഹേ"

 ഇടിവള കയറ്റി വച്ച്, കറ പിടിച്ച പല്ലുകാട്ടി ടിയാൻ നിഷ്ക്കളങ്കമായി ചിരിച്ചു.  പേര് ബിജയ് ബഹദൂർ . ബംഗാളിൽ 'വ' 'ബ' എന്നീ ശബ്ദങ്ങൾ തിരിഞ്ഞും മറിഞ്ഞുമാണ് ഉപയോഗിക്കുന്നത്. സംശയിക്കണ്ട, ഗേറ്റിലെ ബഹദൂറിന്റെ ആരുമല്ല. നേപ്പാളിയാണ്. തടിച്ചു വെളുത്ത പ്രകൃതം. ക്ലീൻ ഷേവ് ചെയ്തു ചുവന്നു തുടുത്ത  മുഖം. (ഈ ക്ലീൻ ഷേവിൻറെ  രഹസ്യം അന്തപ്പൻ  പിന്നീട് വെളിപ്പെടുത്തുന്നതായിരിക്കും.) ചമ്മിയ പോലുള്ള കണ്ണുകൾ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. കിച്ചനോട് ചേർന്നുള്ള ചെറിയ മുറിയാണ്  നളന്റെ കിടപ്പാടം. 

"നെനക്ക് എത്ര ചപ്പാത്തി വേണം?" 
അതിനിടയ്ക്ക് തോമസ് പുട്ടുകച്ചവടം നടത്തി.

"രണ്ട്!"  

"ഉസ്‌കോ ദോ റൊട്ടി ചാഹിയേ "
തോമസ് ഓർഡർ കൊടുത്തു .

"അ ..അച്ഛാ ..ടിക് ഹേ .." 
എന്തോ ആലോചിച്ച പോലായിരുന്നു മറുപടി.സവാളയുടെ 'കണ്ണീർ' ഇനിയും തോർന്നിട്ടില്ലായിരുന്നു.

"ഇന്ന് ചിക്കനാ" 
സ്റ്റെപ്പ് കയറുന്നതിനിടെ തോമസിന്റെ മുഖത്തെ പ്രകാശം അന്തപ്പന് പുറകിൽ നിന്നു പോലും  കാണാമായിരുന്നു. 

കയറി ചെന്ന മുറി ഡൈനിങ്ങ് റൂം ആയിരുന്നു. നീളമുള്ള ഒരു മേശ , കസേരകൾ, TV , ഫ്രിഡ്ജ് പിന്നെ അപകർഷതയോടെ  ഒരു മൂലയ്ക്കു മാറി നിൽക്കുന്ന  വാഷിംഗ് ബേസിൻ ഇത്രയുമാണ് അന്തേവാസികൾ. ഡൈനിങ്ങിനോട് ചേർന്ന് രണ്ടു മുറികൾ. 

"നമ്മുടെ മുറി മോളിൽ ആണ്"

വീണ്ടും സ്റ്റെപ്പ് കയറി. അവിടെയും  ഇതുപോലുള്ള തരം  മുറികൾ. നീളൻ മുറിയിൽ പൊടി പിടിച്ചു ഒരു സോഫ കം ബെഡ് ഏകാകിയായി കാണപ്പെട്ടു. രണ്ടാമത്തെ  മുറി കാണിച്ചു തന്നു തോമസ് പറഞ്ഞു:

"ആ മുറീ  കേറിക്കോ. ബാത്രൂം അറ്റാച്ചഡാ . ഞാൻ പഞ്ച് ചെയ്തിട്ട് വരാ. ഒന്ന് സെറ്റിൽ ആവ് "

അന്തപ്പൻ മുറിയിൽ കയറി വാതിൽ അടച്ചു. വലിയ മുറി. കണ്ണടച്ച്  കിടക്കയിൽ ഇരുന്നു. നിശബ്ദം .... കൊൽക്കത്തയിൽ  ഇറങ്ങിയത് മുതലിങ്ങോട്ടുള്ള  കാര്യങ്ങൾ  സെക്കന്റിൽ 26 ഫ്രെയിമിൽ  ഫ്ലാഷ് ബാക്ക് ചെയ്തു. ശേഷം അന്തപ്പൻ ദീഘമായി ഒന്ന് നെടുവീർപ്പെട്ടു: 

"...കൽക്കട്ട...   "

  


(തുടരും)

അഭിപ്രായങ്ങള്‍

  1. Introduction കൊള്ളാം സംഗതികൾ ഇനി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ചായക്കട എന്നും പതിവുപോലെ ആവാതെ തരമില്ലല്ലോ .... 'അടിച്ചു' പത വരുത്തിയ ഈ ചായ ok.... 'തുടരും' എന്ന വാൽക്കഷ്ണത്തിൽ ഞാനൊരു "കടി" പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പോസ്റ്റ്...

    മറുപടിഇല്ലാതാക്കൂ
  4. Cigarette കുറ്റി അർദ്ധപ്രാണൻ ,ഹി ഹി

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍