ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊൽക്കത്ത ഡയറി

അധ്യായം 1

സമയം അഞ്ചു മണി കഴിഞ്ഞു നാല്പത്തിരണ്ടു മിനിറ്റ് , മുപ്പത്താറു സെക്കൻഡ്. അന്തപ്പൻ ചെമ്മണ്ട പാലത്തിനടുത്തു വിഷാദമൂകനായി നിൽക്കുകയാണ്. എന്നത്തേയും പോലെ സൂര്യൻ പണികഴിഞ്ഞു പടിഞ്ഞാട്ടേയ്ക്കുള്ള  വണ്ടി കാത്തു നിൽക്കുന്നു. അന്തപ്പൻ ഈ നിൽപ്പ്  ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ന് പറയുമ്പോൾ, അന്തപ്പൻ ലൈൻവലിക്കാൻ പാലത്തിൽ വന്നു നിൽക്കുന്നതാണെന്നു  ചില കുബുദ്ധികൾ ചിന്തിക്കുന്നുണ്ടാവും; എന്നാൽ അല്ല!

ചെമ്മണ്ട തനി ഒരു നാട്ടിൻപുറമാണ്. ഇരിഞ്ഞാലക്കുടയിൽ നിന്നും ഇതിലെയുള്ള   ബസ് സർവ്വീസ് ചെമ്മണ്ട പാലത്തിനിപ്പുറം അവസാനിക്കും.ഏതാണ്ട് നാലര കിലോമീറ്ററോളം വരുന്ന  ഗ്രാമീണ പാത. പാലത്തിലൂടെയുള്ള ഗതാഗതം നന്നേ കുറവാണ്. സന്ധ്യയായിക്കഴിഞ്ഞാൽ  ആ സ്ഥലത്തിന് ഒരു പ്രത്യേക ഭംഗി ഉള്ളതാണ് തോന്നിയിട്ടുണ്ട് അന്തപ്പന്. പാലത്തിനു കുറുകെ പായല് തടഞ്ഞു  മന്ദം മന്ദം ഒഴുകുന്ന കനാലും, ഇരു വശത്തും പച്ചവിരിച്ച പാടങ്ങളും, കനാലിനിരുവശത്തുമായി നോക്കെത്താദൂരത്തേയ്ക്ക് നീണ്ടുകിടക്കുന്ന മണ്പാതയും,  പിന്നൊരു മോട്ടോർപ്പുരയും. അന്തപ്പന്റെ ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാല സ്മരണകളിലെ ചില നിറങ്ങളോ, മണമോ,ഊഷ്‌മാവോ ഉണ്ട് ഇവയിലെന്തിനൊക്കെയോ. അതുകൊണ്ടാവും ആക്രിമനസുള്ള (പഴയ സാധനങ്ങളോടും, ഓർമ്മകളോടും കമ്പമുള്ള എന്ന് സാരം) അന്തപ്പൻ ഇടയ്ക്കിടെ ഇവിടെ വന്നു പഴയതെന്തൊക്കെയോ അയവെട്ടുന്നത്.

ചെമ്മണ്ട ചുവന്നു തുടങ്ങിയിരിക്കുന്നു. പിണങ്ങി മാറി നിൽക്കുന്ന താമരകൾ , റീറൂട്ട്  ചെയ്ത ഗൂഗിൾ മാപ് പോലെ  പാടത്തു നിന്നും കരയ്ക്കു കയറി ചിന്തിച്ചു നിൽക്കുന്ന  കന്നുകാലികൾ. കനാലിലെ കസർത്ത് അവസാനിപ്പിച്ചു തോർത്തു ചുറ്റി കരയ്ക്കുകയറിയ പിള്ളേർ. കൂട്ടത്തിൽ ആരുടെയോ വലിയ വായിലെ വർത്തമാനങ്ങൾ  നീണ്ടു കേൾക്കുന്നുണ്ട്. പാലത്തിനു മുകളിൽ നിന്നും ചേട്ടന്മാർ കരിമീനിന്  ചൂണ്ടയിട്ടു തീറ്റ കൊടുക്കുന്നു. പതിവുപോലെ ചെമ്മണ്ടയിലെ തലമുടി വെളുത്ത ചെറുപ്പക്കാർ  പാലത്തിലിരുന്നു വെടിയും പുകയുമുതിർക്കുന്നു.. കൂട്ടത്തിലെവിടെയോ ഒരു മുറിബീഡി ഊർദ്ധവായു വലിച്ചു കെട്ടു.

അന്തപ്പൻ നിൽപ്പ് തുടർന്നു. രണ്ടു ദിവസത്തിനകം അന്തപ്പന് കൽക്കട്ടയ്ക്കു പോകണം.വാദ്ധ്യാരുപണി നിർത്തി, വ്യവസായ മേഖലയിൽ പ്രവൃത്തി പരിചയം നേടാൻ കിട്ടിയ അവസരം. പക്ഷെ ആദ്യമായാണ് അന്തപ്പൻ കേരളത്തിന് പുറത്തു താമസിക്കാൻ പോകുന്നത്. മുറിയിലൊട്ടിച്ച ഭൂപടത്തിൽ, പടിഞ്ഞാറേ മൂലയിലുള്ള ലക്ഷ്യസ്ഥാനം കണ്ടു ഭാരതാംബയുടെ പാദാരവിന്ദത്തിൽ  നിന്ന്  വിയർത്തു.   ത്രിപുരയിലെ ദേശീയ സാങ്കേതിക വിദ്യാ  സ്ഥാപനത്തിൽ ഉന്നതവിദ്യാഭ്യാസത്തിനു കിട്ടിയ പ്രവേശനം റദ്ദാക്കിയത് പോലും  ദൂരക്കൂടുതൽ കാരണമാണ്. പക്ഷെ ഇത്തവണ അത് നടപ്പില്ല. ഉള്ള പണി കളഞ്ഞു, പെൻഷൻ പറ്റിയ വീട്ടുകാരോട് കൂടെ ശിഷ്ടജീവിതം ആസ്വദിച്ചു കൊണ്ടിരിക്കെ, അന്തപ്പന്റെ ഭാവിയെക്കുറിച്ച്ഓർത്തു ആധിപിടിച്ച നാട്ടുകാരുടെ വായടയ്ക്കാനെങ്കിലും പോയേ തീരൂ.

തീവണ്ടിയാത്ര രണ്ടു ദിവസത്തിൽ കുറയാതെ വരും. പരിചയമില്ലാത്ത സ്ഥലം, ഭാഷ, ഭക്ഷണം,ജോലി ...അന്തപ്പന്റെ തലയ്ക്കുമുകളിൽ ഒരുപാട് ചോദ്യചിഹ്നങ്ങൾ ഇരുണ്ടുകൂടി. തനിക്കുമുമ്പേ വെസ്റ്റ് ബംഗാളിൽ കാലുകുത്തിയ അയൽവക്കത്തെ ചേട്ടനെ ചുമ്മാ ഫോണിൽ വിളിച്ചു യാത്രാവിവരം അറിയിച്ചു. കേരളം  പോലെയേ അല്ല ഇവിടം എന്നും  കേട്ടുകേൾവി ഉള്ളതിനേക്കാൾ ശോചനീയമാണ് അവസ്ഥയെന്നുമായിരുന്നു മറുപടി. വന്നിറങ്ങി അടുത്തവണ്ടിക്ക് അന്തപ്പൻ നാടുവിടേണ്ട എന്ന് കരുതിയുള്ള  ഒരു മുന്നറിയിപ്പായിരുന്നത്രേ! അതോടെ ചുവന്നു നിൽക്കുന്ന ചെമ്മണ്ടയ്ക്ക് പതിവിലേറെ സൗന്ദര്യമുള്ളതായി തോന്നി അന്തപ്പന്. കുറച്ചു കാലത്തേക്കാണെങ്കിലും, ഈ സുന്ദര കാഴ്ച അന്തപ്പന് നഷ്ടപ്പെടാൻ പോകുന്നു. ഗൃഹാതുരത്വം അന്തപ്പനെ ശ്വാസം മുട്ടിച്ചു.

അന്തപ്പൻ  കെട്ടഴിച്ചുവിട്ട ചിന്തകൾ ഇനിയും കരയ്ക്കു കയറിയിട്ടില്ല. പടിഞ്ഞാറ് കാത്തു നിന്ന സൂര്യൻ , കനാലിന്റെ അങ്ങേത്തലയ്ക്കൽ ചാടി പകലവസാനിപ്പിച്ചു. കൊക്കും പൊന്മാനും  വീട്ടിലേക്കുള്ള ലാസ്റ്റ് ഫ്‌ളൈറ്റ് പിടിച്ചു. പാടത്തിന്റെ അങ്ങേ കരയിലെ കുടിലിന്റെ ഉമ്മറത്തു ഇൻകാന്റെസെൻറ് ബൾബ് നാൽപ്പതു വാട്ടിൽ തെളിഞ്ഞു. കൂട്ടത്തിൽ, മോട്ടോർപ്പുരയിലെ റേഡിയോ, ആകാശവാണിയെ ട്യൂൺ ചെയ്തു പാട്ടു പാടിച്ചു :" വികാര നൗകയുമായ്...." ഇരുട്ട് പരന്നു. അന്തപ്പൻ ശകടം സ്റ്റാർട്ട് ചെയ്തു വീടിനെ ലക്ഷ്യമാക്കി പാലത്തിലൂടെ പാഞ്ഞു.





(തുടരും)

അഭിപ്രായങ്ങള്‍

  1. റീറൂട് ചെയ്ത് വിട്ട പശുക്കൾ .....lol
    ആകാശവാണിയെ ട്യൂൺ ചെയ്യിച്ചു പാടിയ പാട്ടും
    Phrasesnu jeevan undu

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍