ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊൽക്കത്ത ഡയറി

അദ്ധ്യായം 4

അന്തപ്പൻ കൽക്കട്ട എന്ന സ്ഥലത്തെ കുറിച്ച് കേൾക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും മിനിഞ്ഞാന്നുമല്ല. കല്ലും കട്ടയും നിറഞ്ഞ ഒരു സ്ഥലം,  പിൽക്കാലത്തു  ലാമാർക്കിന്റെ പരിണാമ സിദ്ധാന്തപ്രകാരം ലോപിച്ചു  ഈ പേര് രൂപപ്പെട്ടു  എന്നായിരുന്നു  അന്തപ്പന്റെ കുട്ടിക്കാലത്തെ ഒരു നിഗമനം. മദർ തെരേസ എന്ന പേരാണ് അന്തപ്പൻ കൽക്കട്ട എന്ന വാക്കിനൊപ്പം കൂടുതലും കേട്ടിരിക്കുന്നത്. പണ്ട് ബി എഡ്  പഠിക്കുന്ന കാലത്ത്  കണ്ട ഹൗറ ബ്രിഡ്ജ്, പ്ലാനറ്റോറിയം തുടങ്ങിയവയെ പറ്റിയുള്ള അമ്മയുടെ വിവരണമാണ് അടുത്ത ഓർമ്മ. മലയാളസിനിമയാണ്  കൽക്കട്ടയെ പറ്റി വാ തോരാതെ പറഞ്ഞ മറ്റൊരു കക്ഷി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൽക്കട്ടയിലേക്ക് ഉപരിപഠനത്തിനു പോയ മണിച്ചിത്രത്താഴിലെ ഗംഗ, കൽക്കട്ടയിൽ നിന്നും കമ്പിളിപ്പുതപ്പ്  കൊണ്ടുവരാൻ പറഞ്ഞപ്പോൾ 'കേൾക്കുന്നില്ല' എന്ന് പറഞ്ഞു  പറ്റിക്കുന്ന റാം ജി റാവുവിലെ ഗോപാലകൃഷ്ണൻ, തുടങ്ങി അന്തപ്പന്  കൽക്കട്ടയിൽ പണ്ടേ  പരിചയക്കാർ  ഉണ്ടായിരുന്നു. 'ദാദ' എന്ന വിളിപ്പേരുള്ള സൗരവ് ഗാംഗുലി ആയിരുന്നു മറ്റൊരു കണക്ഷൻ. ഈ പാവം മനുഷ്യനെ ദാദ എന്നൊക്കെ വിളിക്കുന്നതെന്തിനാണ്  എന്ന് ചിന്തിച്ചു അന്തപ്പന്  ഒരെത്തും പിടിയും കിട്ടിയിട്ടില്ല. 

അന്തപ്പൻ ഇമ്മാതിരി പരിചയം പുതുക്കിക്കൊണ്ടിരിക്കുമ്പോൾ കൊമെഴ്സിയൽ ബ്രേക്ക്‌ പോലെ  തോമസ് രംഗപ്രവേശനം ചെയ്തു.

"സോപ്പ്ണ്ടാ?  കുളിച്ചോ ഏട്ട് മണിക്കാ  സപ്പർ. പിന്നെ,  നാട്ടിലത്തെ പോലത്തെ വെള്ളല്ലാട്ടാ "

'ഇടവേള'യ്ക്കു ശേഷം അന്തപ്പൻ കുളി പാസ്സാക്കി. പൈപ്പിലൂടെ വരുന്ന അസുരന്റെ  ഭാവം കഠിനമാണ് .  സോപ്പിട്ടാലൊന്നും കാര്യമില്ല. കുടുമ്മത്തേക്ക് വിളിച്ച STD ബില്ലടിക്കാൻ നേരം തോമസ് വിളിച്ചു. ആമാശയത്തിനുള്ള പണിയാണ്; പോയേക്കാം.

യാത്രാക്ഷീണമാണോ അതോ 'ഓൾഫാക്ടറിയിൽ ' ചിക്കന്റെ ബൾബ് കത്തിയതാണോ,  സ്റ്റെപ്പിറങ്ങി ഡൈനിങ്ങിലെത്തിയപ്പോഴേക്കും വയറ്റിനകത്തു പി എച് മൂല്യം രണ്ടിലെത്തി വിശപ്പറിയിച്ചു. 

"നമക്ക് കഴിക്കാം അവ്വര്  വന്നു കഴിച്ചോളും "

തോമസും അന്തപ്പനും കരണവർമ്മാര്ക്കുള്ള സ്ഥലം വിട്ടു ഇരുന്നു. ഒരു പ്‌ളേറ്റെടുത്തു മുന്നിൽ വച്ചു. ചോറ്റുപാത്രം കണക്കുള്ള ഒരു കാസറോളിൽ തുണി കൊണ്ട് പൊതിഞ്ഞു  ചപ്പാത്തി ഇരിപ്പുണ്ട്.  ചുറ്റും നാല് ചെറിയ കോപ്പയിൽ കറി മൂടി വച്ചിട്ടുണ്ട്. 'ഞാനോ നീയോ വലുത് ' എന്ന ഭാവത്തിൽ ചിക്കനും ഉരുളക്കിഴങ്ങും കോപ്പയ്ക്കുള്ളിൽ  പുറംതിരിഞ്ഞിരിക്കുന്നു. സ്വന്തം ക്വൊട്ടാ ചിക്കനെ കൂട്ടി അകത്താക്കുമ്പോൾ അന്തപ്പൻ ചിന്തിച്ചു 'വിനാഗിരിടെ രസണ്ട്.'  ബാക്കി വന്ന ഉരുളക്കിഴങ്ങിന്റെ അളവെടുക്കുന്നതിനിടെ തോമസിന്റെ വാണിംഗ് വന്നു:

"ഇവ്ടെ എല്ലാത്തിലും ഉർളക്കെഴങ്‌ണ്ടാവും "

അന്ന് അന്തപ്പനതിന്റെ അർത്ഥം മുഴുവനും 'വെന്തില്ലെങ്കിലും' പിന്നീട് ബോധ്യം വന്നു. അലാറത്തോട് ആറര  മണിക്ക് വിളിക്കാൻ ശട്ടം കെട്ടി, കുരിശു വരച്ചു കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു. 

-------------------------------------------------------------------

ബയോളജിക്കൽ ക്ളോക്കിന്റെ അലാറം കേട്ട് അന്തപ്പൻ ഞെട്ടി എണീറ്റു. നേരം ഒരുപാടു വൈകി. ഏഴുമണി കഴിഞ്ഞിരിക്കണം,  സൂര്യൻ ഫ്ളഡ് ലൈറ്റ് ഓണാക്കിയിരിക്കുന്നു. നേരത്തിനു വിളിക്കാഞ്ഞതിനു തലയ്ക്കിട്ടൊരു കൊട്ട് കൊടുക്കാൻ എടുത്ത അലാറത്തിൽ സമയം IST 6:20 am! സംശയനിവാരണത്തിന് എടുത്ത റിസ്റ്റ് വാച്ചിലും റൈറ്റ് ടൈം! കിഴക്കോട്ടു പോകുംതോറും പകലോന്റെ വരവുപോക്ക് നേരത്തെയാകും എന്ന ഭൂമിശാസ്ത്ര സത്യം അന്തപ്പൻ നേരിട്ട് കാണുന്നത് നടാടെയാണ്. 'ആസനത്തിൽ വെയിലടിച്ചിട്ടും എണീക്കാറായില്ലേടാ ....? ' എന്ന ചോദ്യത്തിന്  ബംഗാളി ഭാഷയിൽ വിവർത്തനമുണ്ടാവാൻ സാധ്യതയില്ലെന്നു അന്തപ്പൻ മനസ്സിലുറപ്പിച്ചു. 

പ്രഭാതകൃത്യങ്ങൾക്കു ജലാസുരനുമായി മൽപ്പിടുത്തം നടത്തി. ആദ്യദിവസമാണ്,  കൊള്ളാവുന്ന ഒരു വേഷം എടുത്തു കെട്ടി. തോമസിനൊപ്പം താഴെ ഡൈനിങ്ങിൽ എത്തിയപ്പോൾ സാമാജ്ദാർ ബാബുവിനൊപ്പം വേറൊരു കാർന്നോർ ഇരിപ്പുണ്ട് -ദാസ് ബാബു. ഉയരം കുറഞ്ഞു ഇരുണ്ട നിറത്തിൽ കഷണ്ടി കയറിയ തല, സരസൻ. എല്ലാത്തരത്തിലും സമാജ്‌ദാർ ബാബുവിന്റെ കോൺട്രാസ്റ് രൂപം. ഫാബ്രിക്കേഷൻ സെക്ഷന്റെ തലവനാണ്. അറിയാവുന്ന മുറി ഹിന്ദിയിൽ അന്തപ്പൻ ദാസ് ബാബുവിനെ പരിചയപ്പെട്ടു. 'എല്ലാരുടെയും പേര് ബാബുന്നെന്ന്യാ ' എന്ന അന്തപ്പന്റെ സംശയം ഗ്രഹിച്ചിട്ടായിരിക്കണം തോമസ് പറഞ്ഞു:

"ഈ ബാബുന്ന് പറഞ്ഞ സാർന്നാട്ട"

സമാജ്‌ദാർ എന്നതും ദാസ് എന്നതും പേരല്ല, മറിച്ചു നമ്മടെ നാട്ടിലെ നായരും മേനോനും ഒക്കെ പോലെ സർ നെയിം ആണെന്ന് അന്തപ്പൻ ഗ്രഹിച്ചതു പിന്നീടാണ്. 

മേശപ്പുറത്തു തലേന്നത്തെ പോലെ  റൊട്ടി എന്നപരനാമമുള്ള ചപ്പാത്തി   ഇരിപ്പുണ്ട്. ചിക്കന്‌ പകരം കറിപാത്രങ്ങളിൽ ഗ്രീൻപീസും ഉരുളക്കിഴങ്ങും കറിയിൽ മുങ്ങിക്കിടപ്പുണ്ട്. ടീവിയിൽ ബംഗാളി വാർത്താചാനൽ ABP അരങ്ങു തകർക്കുന്നുണ്ട്. രണ്ടു കാർന്നോർമാരും കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ഏതോ പ്രാദേശിക ഫുട്ബാൾ ക്ലബും മത്സരവുമൊക്കെയാണ് വിഷയം. ദാസ് ബാബു റൊട്ടി ചുരുട്ടിപ്പിടിച്ചു റോൾ പരുവത്തിൽ അകത്താക്കുന്നുണ്ട്. കൂട്ടത്തിൽ സ്പൂണ് കൊണ്ട് കോരി കറിയും. ഇടയ്ക്ക് ഒരു പച്ചമുളക് കടിച്ചിറക്കുന്നുണ്ട് -ജസ്റ്റ് ഫോർ എ  ഹൊറർ. 
അന്തപ്പനും തോമസും കൺവെൻഷനലായി   കാടി പോലെ കോരിയൊഴിച്ചു റൊട്ടി സസ്പെൻഷൻ പരുവത്തിൽ   തട്ടിവിട്ടു. ചായ പ്രതീക്ഷിച്ചെങ്കിലും വന്നില്ല.

"എറങ്ങിയാലോ.. എട്ടരയ്ക്കാ പഞ്ചിങ് " 

തോമസിന്റെ എൻഡ്‌ നോട്ടോട് കൂടി 'യുദ്ധം' അവസാനിപ്പിച്ചു താഴെയിറങ്ങി. താഴെ 'ഡ്രസിങ് റൂമിൽ' ജോലിക്കാരുടെ തിരക്ക്. വർക്കിങ് ഡ്രെസ്സിലേക്ക് കൂടുമാറ്റമാണ്  അധികവും. ചിലർ ബ്രേക്ക് ഫസ്റ്,  ഫാസ്റ്റായി തീർക്കുന്നുണ്ട്. കലപില ബംഗാളി ശബ്ദങ്ങൾക്കിടയ്ക്കു ചില ആകാശത്തോട്ടികൾ അന്തപ്പന് നേരെയും നീളുന്നുണ്ട്. ചിലർ തോമസിനോട്‌ ബംഗാളിയിൽ കുശലാന്വേഷണം നടത്തുന്നുണ്ട്. വായ മൂടിക്കെട്ടിയ അവസ്ഥ തോന്നി അന്തപ്പന്. 'ലേലു അല്ലു  ' സ്വരം  താഴ്ത്തി  പറഞ്ഞു നോക്കി; ആവശ്യം വന്നാലോ? ! 


(തുടരും )

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍