ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊൽക്കത്ത ഡയറി

അദ്ധ്യായം 5

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ഓണാവധി കഴിഞ്ഞാണ് അന്തപ്പൻ ഇരിഞ്ഞാലക്കുടയിലെ എൽ എഫ് കോൺവെന്റ് എൽ പി സ്‌കൂളിലേക്ക് ആദ്യമായി സ്ഥലം മാറി വരുന്നത്. പുതിയ സ്ഥലം, ആളുകൾ, എന്തിനു - -ഭാഷയ്ക്കു വരെ മാറ്റം. അപ്പന്റെ കൂടെ ആ പഴയ ഓടിട്ട നീളൻ കെട്ടിടത്തിന്റെ റെയിൽവേ പ്ലാറ്റ്ഫോം പോലുള്ള   വരാന്തയിൽ പുതിയ ക്‌ളാസ്സിലെ ടീച്ചറെയും  അകത്തിരിക്കുന്ന തന്റെ പുതിയ സഹപാഠികളെയും കണ്ട് പകച്ചു നിന്ന അന്തപ്പനെ, 
'ഹലോ അന്തപ്പൻ' എന്ന് പറഞ്ഞു  സ്വാഗതം ചെയ്ത വേദപാഠക്ലാസിലെ വാറപ്പനെയാണ് അന്തപ്പന് ഓർമ്മ വന്നത്. പിന്നീട് ഇതേ പ്ലാറ്റ്‌ഫോമിൽ ഇന്റർവെൽ സമയങ്ങളിൽ അന്തപ്പനും വാറപ്പനും മാത്തനുമെല്ലാം ചവിട്ടിമെതിച്ചു ബുള്ളറ്റ് ട്രെയിനുകൾ  ഓടിക്കുകയും പാളം തെറ്റുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും, ആദ്യ ദിവസം ആ വരാന്ത അന്തപ്പനെ  ചെറുതായൊന്നുമല്ല പേടിപ്പിച്ചിട്ടുള്ളത്.  

ഏതാണ്ട് പത്തൊൻപതു വർഷങ്ങൾക്കിപ്പുറം ഇൻസ്‌പെക്ഷൻ സെക്ഷന്റെ ഡോറിനു മുന്നിൽ നിൽക്കുമ്പോൾ അന്തപ്പനെ  ആ റിട്രോ  പേടി  ഒരുവേള പുറകോട്ടു വലിച്ചു. വലിച്ച വലിയിൽ കയറിപ്പിടിച്ച  അലുമിനിയം ഫാബ്രിക്കേഷൻ ഡോറിനു  പുറകോട്ടും അന്തപ്പനു  അകത്തോട്ടും യഥാക്രമം സ്ഥാനഭ്രംശം സംഭവിച്ചു. ആദ്യ പോസ്റ്റിങ് ഇന്സ്പെക്ഷനിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. CNC സെക്ഷനകത്തുള്ള ശീതികരിച്ച ഒരു മുറി. കയറി വരുന്നവനെ നോക്കി ICU വിൽ മൂന്ന് ആത്മാക്കൾ ഇരിപ്പുണ്ട്. കൂട്ടത്തിൽ തലവനെന്നു തോന്നിച്ച ബംഗാളി ബാബുവിന്  മുന്നിൽ അന്തപ്പൻ സ്വയം പരിചയപ്പെടുത്തി.  സുഹിർഡ് ഘോഷ് എന്ന 'ബാബു'വിനെക്കൂടാതെ  ദിപാങ്കർ ബട്ടാചാർജി, ബികാസ് ദത്ത എന്നിവരാണ് പുതിയ ക്‌ളാസ്സ്‌മേറ്റ്സ്. വെളുത്തു ചില്ലു കണ്ണട വച്ച ആളാണ്‌ ഘോഷ്. മുറുക്കിച്ചുവന്ന ചിറി, എണ്ണ തേച്ചു ചീകി വച്ചിരിക്കുന്ന മുടി, മിതഭാഷി.   സ്വന്തം നാട്ടിലെ  പണിക്ക് കണ്ട ബംഗാളികൾ..... സോറി, മലയാളികൾ വരുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാവണം  ഘോഷിന്  അന്തപ്പന്റെ വരവ് അത്ര പിടിച്ചിട്ടില്ല. അധ്യയനവർഷത്തിന്റെ പകുതിയിൽ കയറിവന്ന വിദ്യാർത്ഥിയോടു ടീച്ചർക്കുണ്ടായിരുന്ന  അതേ മനോഭാവമായിരുന്നു മൂപ്പർക്കും. ബംഗാളി ഭാഷയിൽ മറ്റ് രണ്ടാത്മാക്കളോടുള്ള മൂപ്പരുടെ സംഭാഷത്തിൽ നിന്നും അന്തപ്പൻ അത്‌ ഗുണിച്ചും ഹരിച്ചുമെടുത്തു. അന്തപ്പന് ഭാഷയറിയില്ലെന്ന അഹങ്കാരത്തിൽ നടത്തിയ ആ പ്രഭാഷണത്തിലെ നീരസത്തോടെയുള്ള 'ട്രെയിനിങ് സെന്റർ ' പ്രയോഗം ബംഗാളി  അല്ലെന്നുള്ള വസ്തുത ഘോഷൻ  ഓർത്തുകാണില്ല. 

ഇനി എന്തു ചെയ്യണം എന്ന് അന്തിച്ചു നിന്ന അന്തപ്പൻ,   കൂട്ടത്തിൽ തലയ്ക്കു മൂത്ത ബികാസ് ദത്ത ചൂണ്ടിയ  പ്ലാസ്റ്റിക് കസേരയിലേക്ക്  ഉൾവലിഞ്ഞു. വല്ലാത്ത നിശബ്ദത. ഇൻസ്സ്‌പെക്ഷൻ മുറിയ്ക്കു പുറത്തു ഒരു മില്ലിങ് മെഷീൻ മുക്രയിടുന്നത് ചില്ലിലൂടെ കാണാം. ഘോഷ് ബാബു സ്ലിപ് ഗേജെസ് തുടച്ചു മിനുക്കുന്നുണ്ട്. ദിപാങ്കറും ദത്ത സാറും എന്തോ ഇൻസ്‌പെക്ഷൻ റിപ്പോർട്ട്‌ എഴുതുന്നുണ്ട്. മുറിയ്ക്കകത്തു വലിയ രണ്ടു അലമാര, ഘോഷ് ബാബുവിന്റെ മേശ കസേര,  ദിപാങ്കർ, ദത്ത, അന്തപ്പൻ തുടങ്ങിയവരുടെ കസേരകൾ, ഇന്സ്പെക്ഷനുള്ള മെഷീൻ പാർട്സും പഴയ റെക്കോർഡ്‌സും  വയ്ക്കുന്ന റാക്കുകൾ എന്നിവയ്ക്ക് പുറമെ വലിയ രണ്ടു സർഫസ് പ്ലേറ്റുകളുമാണ് (മെഷർമെൻറ്സ്  എടുക്കുന്നതിനുള്ള ഗ്രാനൈറ്റ് കൊണ്ടുള്ള റെഫറൻസ് ടേബിൾ ) പ്രധാന ഫർണിച്ചറുകൾ. സർഫസ് പ്ലേറ്റുകളിൽ ഉയരം അളക്കുന്നതിനുള്ള ഹൈറ്റ്‌ഗേജ് സെറ്റ് ചെയ്തിരിക്കുന്നു. ഹാർഡ്‌നെസ് ടെസ്റ്റ്‌ ചെയ്യാനുള്ള ഒരു മെഷീൻ ഒരു മൂലയിൽ ഇരിപ്പുണ്ട്.   അലമാരയിൽ അളവെടുപ്പിനുള്ള സാധനസാമഗ്രികൾ ഭദ്രം. അന്തപ്പൻ ഈ വിധം മുറിയുടെ അളവെടുപ്പു നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അത്‌ സംഭവിച്ചത്. 


"ചാ ലോ ഭായ് ചാ "
മുറിയ്ക്കു പുറത്തു നിന്നുമാണ്. ഒരു ചായക്കെറ്റിലുമായി ബിജയ് ബഹദൂർ പുറത്തു നിൽപ്പുണ്ട്. ചായ കെറ്റിലിൽ ഇട്ടു തിളപ്പിച്ച്‌ അതിൽ തന്നെ സെർവ് ചെയ്യുന്ന രീതിയാണ്. CNC മുറിയിലുള്ള പണിക്കാർ പണി നിർത്തി ചായ വാങ്ങുന്നുണ്ട്. ICU വിലെ അന്തപ്പനൊഴികെയുള്ളവർ തങ്ങളുടെ സ്റ്റീൽ ഗ്ലാസ്സെടുത്തു വച്ചു. 'ഒരു ഗ്ലാസ്‌ കിട്ടാൻ... ' അന്തപ്പൻ ചിന്തിച്ചു. CNC ക്കാരെ ചായകുടിപ്പിച്ചു ബഹദൂർ അടുത്തതായി ICU വിൽ പ്രവേശിച്ചു. എല്ലാവരുടെയും സ്റ്റീൽ ഗ്ലാസ്‌ നിറച്ച ശേഷം ഒരു പോർസ്‌ലീൻ കപ്പിൽ ചായ ഒഴിച്ച് സോസറിൽ വച്ചു തന്നു. അന്തപ്പൻ ചിരിച്ചുകൊണ്ട് 'ഡോൽബാ അമ്മാവന് ' നന്ദി പറഞ്ഞു. പെട്ടന്നാണ് ദീപാങ്കർ അലമാര തുറന്നു ഒരു ബിസ്കറ്റ് പൊതി പുറത്തെടുത്തത്. ഘോഷ് മുതൽ അന്തപ്പൻ വരെ എല്ലാവർക്കും കിട്ടി രണ്ടെണ്ണം. ബിസ്ക് ഫാം - നമ്മുടെ പാർലെജി പോലൊരു ബിസ്കറ്റ്, രുചി പക്ഷെ തവിടു കുഴച്ചതു പോലല്ല. 'സംഗതി കൊള്ളാം' മനസ്സിൽ പൊട്ടിയ ബിസ്കറ്റ് അന്തപ്പൻ ചായയിൽ മുക്കി. കട്ടനാണ് എന്നാലും ഒരിതൊക്കെയുണ്ട്. ബിസ്കറ്റ് ഖജനാവിൽ നിന്നും വന്നത് കൊണ്ട് പൊതുസ്വത്താവാനാണ് സാധ്യത. അന്തപ്പന്റെ മുഖഭാവം കണ്ടിട്ടാവണം,  ബികാസ് അണ്ണൻ ബിസ്കറ്റ് എങ്ങനെ വന്നു എന്ന് വെളിപ്പെടുത്തിയത്. സാലറി ദിവസം പിരിവിട്ടു നടത്തുന്ന 'സ്വയം സഹായസംഘം'  ആണ്  സംഭവം; മുഖ്യൻ ഭട്ടാചാർജി. എല്ലാ ചായയ്ക്കും ആളോഹരി 2 ബിസ്കറ്റ് - അതാണ് പദ്ധതി. അന്തപ്പന്റെ കയ്യിലിരുന്ന രണ്ടാമൻ കുതിർന്നു ചായയിൽ വീണു. 

എല്ലാവരും സ്റ്റീൽ ഗ്ലാസ് കഴുകാൻ പോയ നേരം പോർസലീൻ കഴുകി വൃത്തികേടാക്കണ്ട എന്ന് ബട്ലർ സിഗ്നൽ തന്നു. അതിനിടയിൽ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ എടുത്ത അനുജനെ കാണാൻ ഇന്റർവെല്ലിനു വരുന്ന ചേട്ടനെപ്പോലെ തോമസ് വന്നു.

"എങ്ങനെണ്ടായി?  നീയിങ്ക്ഡ് വന്നേ ഒരാളെ പരിചയപ്പെടുത്തിത്തരാം "

തോമസ് അന്തപ്പനെയും വലിച്ചുകൊണ്ട് അടുത്ത ബിൽഡിങ്ങിലേക്ക് പോയി. CNC സെക്ഷനെക്കാൾ വലിപ്പമുണ്ട്. ബംഗാളികൾ സ്റ്റീൽ ഗ്ലാസിൽ ചായ മോന്തി നിൽപ്പുണ്ട്. ചിലർ ഗ്ലാസ്‌ കഴുകാൻ ടാപ്പിനടുത്തേക്കു പോകുന്നുണ്ട്. ചിലർ ബാത്റൂമിനകത്തും പുറത്തും  ബീഡിയെ വലിച്ചു തള്ളുന്നുണ്ട്. ചിലരാകെട്ട ചുണ്ണാമ്പ് കൂട്ടിത്തിരുമ്മിയ പുകയിലനാരിനെ കീഴ്ചുണ്ടിൽ കുഴിച്ചിടാൻ  ശ്രമിക്കുന്നുമുണ്ട്. ഈ പുകയില ഇന്നാട്ടുകാർക്ക് അവശ്യവസ്തുക്കളുടെ ഗണത്തിൽ പെടുന്ന ഒന്നാണ്. ഒട്ടുമിക്കവരുടെയും കയ്യിൽ ഇരുവശങ്ങളും അടപ്പോടു കൂടിയ ഒരു ഡപ്പി കാണ്ടിട്ടുണ്ട്  അന്തപ്പൻ -  ഒന്നിൽ പുകയിലയും മറ്റേതിൽ ചുണ്ണാമ്പും. പക്ഷെ സാധാരണക്കാരന്റെ പാത്രം പ്ലാസ്റ്റിക്കും, ഗ്രേഡ് കൂടിയവന്റെത്‌ സ്റ്റീലും ആയിരിക്കും.  പുകയില, പാട്ട്, പ്രണയം - ഈ മൂന്നുമില്ലാത്ത ബംഗാളിയെ കണ്ടുപിടിക്കുക കിഴങ്ങില്ലാത്ത കറി പോലെ ദുഷ്കരമാണെന്നു തോന്നിയിട്ടുണ്ട് അന്തപ്പന്. 

അന്തപ്പൻ അന്ന് പരിചയപ്പെട്ടത് ഫാബ്രിക്കേഷൻ സെക്ഷനിലെ രണ്ടു പേരെയാണ്- ഒരുൺ ഹൽദാർ, ഗൗതം ബർവ്വ!

"ഡാ ഇത് ഒരുൺ ദാ,  ഇത് ഗൗതം ദാ... "
"ഈ 'ദാ' ന്ന് പറേണത്‌ ഇമ്മള് 'ഏട്ടാ ' ന്ന് കൂട്ടി വിളിക്കില്ലേ അദ് പോല്യാ... ഇവിടെ 'ദാദാ' ന്ന് പറഞ്ഞാ ചേട്ടൻ ന്നാ... "
തോമസ് ബംഗാളി പദാവലിയിലെ അടുത്ത അധ്യായം  അന്തപ്പനെ പഠിപ്പിച്ചു. ബോധജ്ഞാനമുണ്ടായ അന്തപ്പന്റെ മനസ്സിൽ ഒരു നിമിഷം  സൗരവ് ഗാംഗുലി ജേഴ്‌സി ഊരി കറക്കിയെറിഞ്ഞു.


(തുടരും )

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജന്മദിനം

ഇതേ പേരിൽ ബേപ്പൂർ സുൽത്താൻ എഴുതിയ കഥ തന്നെയാണ്  ഈ എഴുത്തിന്റെ പ്രചോദനം. '..ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനം വരെ എഴുതണം... ' കഥയിൽ എവിടെയൊക്കെയോ ബോബനും മോളിയിലെ പട്ടിയെപ്പോലെ തന്നെയും കാണുന്നത് കൊണ്ടോ എന്തോ, അന്തപ്പനു ഈ കഥ വലിയ കാര്യമാണ്. ബർത്തഡേ യ്ക്ക് യുണിഫോം ഇടാതെ സ്കൂളിൽ പോയാൽ എല്ലാവരും എന്നെ ശ്രദ്ധിക്കില്ലേ എന്ന് കരുതി കളർ ഡ്രസ്സ്‌ ഇടാൻ മടിച്ച ആ അഞ്ചു വയസ്സുകാരൻ അന്തർമുഖൻ ഒരൽപ്പം ബാക്കി നിൽക്കുന്നത് കൊണ്ടാവാം ഇത്തവണ വാട്സാപ്പിൽ ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും വേണ്ടെന്നു വച്ചു. ഞായറാഴ്ചയായതിനാൽ ആരും 'ശ്രദ്ധിക്കാൻ ' സാധ്യതയുമില്ല. വീട്ടിലെ ആഘോഷത്തിന് പുറമെ  ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ കിട്ടിയവർ ഭിത്തിയിൽ എഴുതിയിടും. ഓർമ്മയുള്ളവരും എങ്ങനെയോ അറിഞ്ഞവരും വാട്സാപ്പിലൂടെ ആശംസ അയക്കും. വളരെ ചുരുക്കം പതിവ് ഫോൺ കോളുകൾ ശബ്ദ രൂപത്തിൽ വരും. ശുഭം! ഒരു എഴുത്ത് എന്നതിനേക്കാൾ ഒരു ഡയറിക്കുറിപ്പായി ഇതിനെ കാണുന്നതായിരിക്കും നല്ലത്  -നല്ലത് എന്നല്ല, അതാണ് വാസ്തവവും. വർഷത്തിൽ ഒരിക്കൽ മാത്രം ഡയറി എഴുതുന്നൊരാൾക്ക്, 365 ദിവസത്തെയും പേരെഴുതിയ ഒരു പുസ്തകം അർധരാത്രിക്ക് പിടിച്

പൂള താങ്ങികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #2] ------------------------------------------------------- പൂളമരം എന്നത് പഞ്ഞി മരം എന്നും അറിയപ്പെടുന്ന Silk Cotton Tree (Ceiba pentandra) എന്ന മരത്തിന്‍റെ തൃശ്ശൂര്‍ വക നാമധേയം ആകുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ പ്രസ്തുത വാക്കിനുള്ള അര്‍ത്ഥവ്യത്യാസങ്ങളാണ്  ഈ കുറിപ്പ് മുന്‍കൂറായി  നല്‍കാന്‍ കാരണം. കഥ നടക്കുന്നത് പഴയ മാറ്റുദേശത്താണ് (ഇന്നത്തെ അരിമ്പൂര്‍). പശ്ചാത്തലം, മാധവ മേനവന്റെ പൂമുറ്റം. മുറ്റത്തു നില്‍ക്കുന്ന പൂളമരം കഴിഞ്ഞ വൃശ്ചികത്തോടെ ഒരു തലവേദനയായി മാറിയിരിക്കുകയാണ് മേനവന്. ഏതു നിമിഷവും മേല്‍ക്കൂര പൊളിച്ചു തലയിലേക്ക് പതിക്കാവുന്ന ആ പൂതലിച്ച  മരത്തിനു  ഒടുവില്‍ ദയാവധത്തിനു മേനവന്‍ ഉത്തരവിട്ടു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും സ്വന്തം മേല്‍ക്കൂരയിലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണമെന്നാണല്ലോ പ്രമാണം. പിന്നെയാണോ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ഒരു പൂളമരം?! ദയാവധം നടപ്പിലാക്കാന്‍ വന്ന മരംവെട്ടുകാരന്‍ ശങ്കുണ്ണി മരത്തിനു ചുറ്റും നടക്കാന്‍ തുടങ്ങിയിട്ട് നേരം കുറച്ചായി. സാമാന്യം വലിയ മരമാണ്. സാധാരണ  ഇത്തരം മരം മുറിച്ചിടുമ്പോള്‍ എതിര്‍വശത്തുള്ള  ഒന്നോ

മുതുചാരികള്‍

[ചരിത്രത്തിലില്ലാത്ത കഥകള്‍ #5] ------------------------------------------------------- കണ്ടശാങ്കടവിലെ ഒരു മൂവന്തി നേരം. കടത്തുകടന്നു  വാടാനപ്പിള്ളിയില്‍  'അന്തി മോന്താന്‍' പോയ അന്ത്രുമാപ്പിളയേയും കൂട്ടരെയും കൊണ്ടുള്ള കള്ളുവഞ്ചി കരയ്ക്കടുക്കുന്നു. കള്ള്കുടിയന്മാര്‍ക്കുള്ള 'സ്പെഷ്യല്‍ സര്‍വ്വീസ്' ആയതിനാലാകാം ഈ വരവില്‍ വള്ളത്തിനു സാധാരണയില്‍ക്കവിഞ്ഞു ഒരല്‍പം ഓളം കൂടുതുലുള്ളതായി തോന്നിച്ചു! 'തെന്നിമാറിക്കൊണ്ടിരുന്ന' കരയിലേക്ക്  ചന്ദ്രനിലിറങ്ങിയ നീല്‍ ആംസ്ട്രോങ്ങിനെ പോലെ  അന്ത്രുമാപ്പിള രണ്ടും കല്‍പ്പിച്ചു വലതുകാല്‍ ഉറച്ചു കുത്തി. കുത്തിയ കാലില്‍ കാളിയമര്‍ദ്ദനം ആടിക്കൊണ്ടു ഇടതനെയും വള്ളത്തില്‍ നിന്നെടുത്തു സാവകാശം കരയില്‍ നിര്‍ത്തി. തോര്‍ത്തുമുണ്ടെടുത്തു തലയില്‍ കെട്ടി , കളസത്തിന്റെ(ഇന്നത്തെ 'ബോക്സെറി'ന്‍റെ ഗ്രേറ്റ് ആന്‍സെസ്റ്ററാണ് സാധനം) പോക്കെറ്റില്‍ നിന്നും ഒരു തെറുപ്പുബീഡിയെടുത്തു ചുണ്ടില്‍ വച്ച് തിരി കൊളുത്തുമ്പോളാണ് അന്ത്രുമാപ്പിള ആ കാഴ്ച കാണുന്നത്!!! "..ഡാ..നോക്യേറാ..മ്മ്ടെ പള്ളിയ്ക്ക്‌,  ഇങ്കട്‌  രു.. ചെരിവില്യെ...? ഇതിനിടെ വള്ളത്തില്‍